കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസമാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ദിവസവും സുരക്ഷാ പരിശോധന നടത്താനും റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേരം സമർപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. എളയാവൂരിലെ പ്രശ്നത്തിന് പൂർണതോതിലുള്ള പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചു.
സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് തേടി. ദേശീയപാത നിർമാണ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് വർഷം മുമ്പ് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ അതേ പ്രദേശത്താണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. 2023 ജൂലൈയിലും പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.
തുടർന്ന് ജനകീയ പ്രതിഷേധത്തെത്തുടർന്ന് സംരക്ഷണഭിത്തി നിർമിച്ച് മുകൾഭാഗത്ത് മണ്ണ് നിറച്ചിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ 15 അടി താഴ്ചയിലേക്ക് താഴ്ന്നത്. അതേസമയം സംരക്ഷണഭിത്തി തകരാൻ കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും ടി.ഒ.മോഹനൻ എംഎൽഎയും പറഞ്ഞു.